‏ 1 John 2

1എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. 2അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്.
പ്രായശ്ചിത്തം
നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.

സഹവിശ്വാസികളോടുള്ള സ്നേഹവും വിദ്വേഷവും

3ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. 4ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. 5എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം 6അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.

7പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന
പഴയ കൽപ്പന, പരസ്പരം സ്നേഹിക്കുക എന്നതാണ്. യോഹ. 13:34 കാണുക
നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്.
8എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു.

9ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. 10സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല. 11എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.

ക്രിസ്തു-പാപവിമോചകൻ


12കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ്
ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.
13പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.

14ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും
ദൈവവചനം നിങ്ങളിൽ വസിക്കയാലും
നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും
ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു.

ലോകത്തെ സ്നേഹിക്കരുത്

15ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

ദൈവപുത്രനെ തിരസ്കരിക്കുന്നവർക്കുള്ള മുന്നറിയിപ്പ്

18ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു. 19അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്.

20എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം
മൂ.ഭാ. അഭിഷേകം. പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം.
ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം.
ചി.കൈ.പ്ര. നിങ്ങൾക്ക് എല്ലാം അറിയാം.
21നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. 22ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. 23പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.

24നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും. 25ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ.

26നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. 27ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല.
ഇവിടെ സത്യോപദേശത്തെക്കുറിച്ചാണ് പരാമർശം.
അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.

ദൈവത്തിന്റെമക്കൾ

28ഇങ്ങനെ, കുഞ്ഞുമക്കളേ, കർത്താവിന്റെ പുനരാഗമനത്തിൽ നാം അവിടത്തെ സന്നിധിയിൽ ലജ്ജിച്ചു പോകാതെ ധൈര്യമുള്ളവരായിരിക്കാൻ കർത്താവിൽ വസിക്കുക.

29അവിടന്നു നീതിമാനെന്നു നിങ്ങൾ അറിയുന്നെങ്കിൽ, നീതി ചെയ്യുന്നവരെല്ലാം കർത്താവിൽനിന്നു ജനിച്ചിരിക്കുന്നു എന്നും നിങ്ങൾക്കുറപ്പാക്കാം.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.